കൊച്ചി: ചൈനയെ അനുകൂലിച്ച്, ഇന്ത്യാ വിരുദ്ധ നിലപാടുമായി സിപിഎം വീണ്ടും രംഗത്ത്. ജമ്മു കശ്മീര്‍ വിഭജനം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യ ചൈനയെ പ്രകോപിപ്പിച്ചതാണ് ഗല്‍വാനിലെ സംഘര്‍ഷത്തിന് കാരണമെന്ന് സിപിഎം മുഖമാസിക ‘പീപ്പിള്‍സ് ഡമോക്രസി’ ആരോപിച്ചു. അക്‌സായി ചിന്നും പാക്ക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന അമിത് ഷായുടെ പ്രസ്താവനയും കൊറോണ വിഷയത്തില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ് നീക്കത്തിനൊപ്പം ഇന്ത്യ ചേര്‍ന്നതും അതിര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും ചൈനയുടെ പ്രകോപനത്തിന് കാരണമായതായി എഡിറ്റോറിയല്‍ വിശദീകരിക്കുന്നു. മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടാണ് മാസികയുടെ എഡിറ്റര്‍.

“ചൈന ഇന്ത്യയുടെ അതിര്‍ത്തി അല്‍പ്പാല്‍പ്പമായി പിടിച്ചെടുക്കുന്നതിനാലാണ് സംഘര്‍ഷമെന്ന വിലയിരുത്തല്‍ ശരിയല്ല. അതിര്‍ത്തി സംഘര്‍ഷത്തിന് ആഴത്തിലുള്ള കാരണങ്ങളുണ്ട്. കേന്ദ്രം സ്വീകരിച്ച സമീപനം ഒരു ഘടകമാണ്. ജമ്മു കശ്മീരിനെ വിഭജിച്ച നടപടി ചൈന അവകാശപ്പെടുന്ന സ്ഥലത്തിനും ബാധകമാണ്. ഇതിനെതിരെ രണ്ട് തവണ ചൈന പ്രതിഷേധമറിയിക്കുകയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അനൗദ്യോഗിക യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു.പാക്ക് അധിനിവേശ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിഒകെ ഭാവിയില്‍ ഇന്ത്യയോട് ചേരുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും പ്രസ്താവനകള്‍ പ്രത്യാഘാതമുണ്ടാക്കി” – മുഖപ്രസംഗം പറയുന്നു.

അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. കോവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടനയില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനൊപ്പം ഇന്ത്യ ചേര്‍ന്നു. വൈറസ് ചൈനയിലെ ലാബില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന യുഎസ് നിലപാട് ഒരു കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെയും ചൈന എതിര്‍ക്കുകയാണ്. പാക്കിസ്ഥാനുമായും നേപ്പാളുമായും ബംഗ്ലാദേശുമായും ഇന്ത്യക്ക് പ്രശ്‌നമുണ്ട്. ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും ഹിന്ദുത്വ നയങ്ങളാണ് ഇതിന് കാരണം. ഇതെല്ലാം അവഗണിച്ച് ചൈനയുടെ പദ്ധതിയാണ് സംഘര്‍ഷമെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു.

ചൈനയെ ഒരിടത്തുപോലും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയില്‍ ചൈന തുടര്‍ച്ചയായി നടത്തുന്ന കടന്നുകയറ്റങ്ങളെ ന്യായീകരിക്കുന്ന സിപിഎം, ഇന്ത്യയുടെ ആഭ്യന്തര കാര്യമായ ജമ്മു കശ്മീര്‍ വിഭജനവും അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിക്കുന്നതും ചൈനയെ പ്രകോപിപ്പിച്ചുവെന്നും കണ്ടെത്തി. അതേസമയം, ചൈന അതിര്‍ത്തിയില്‍ കടന്നുകയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മൗനം പാലിക്കുന്നു. 1962ലെ ചൈനീസ് യുദ്ധ സമയത്ത് രാജ്യത്തെ പിന്നില്‍നിന്ന് കുത്തിയ നിലപാടിന്റെ ആവര്‍ത്തനമാണിത്. അന്ന് രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിന് കമ്യൂണിസ്റ്റ് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ‘ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന പ്രദേശ’മെന്ന ഇഎംഎസ്സിന്റെ കുപ്രസിദ്ധമായ പ്രസ്താവനയുമുണ്ടായി. അക്‌സായ് ചിന്നിനെ ചൈനക്ക് നല്‍കിയ മുഖപ്രസംഗം ഈ പ്രസ്താവനയെ ഓര്‍മ്മിപ്പിക്കുന്നു.