എറണാകുളം: ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യാ-ചൈന സംഘര്‍ഷവും ചൈനീസ് പ്രകോപനവും മേജര്‍ രവിയുടെ അടുത്ത ചിത്രത്തിന് പ്രമേയമാകുന്നു. ‘ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ 2021 ജനുവരിയില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ഇന്ത്യാ-ചൈന സംഘര്‍ഷത്തിന്റെ നാള്‍വഴികളും ഗാല്‍വന്‍ പാലത്തിന്റെ നിര്‍മ്മാണവുമായിരിക്കും സിനിമയുടെ ഫോക്കസ്. കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ നദിക്ക് കുറുകെ നിര്‍മ്മിച്ച തന്ത്രപ്രധാനമായ പാലവും, ചൈനയുടെ ഭാഗത്തെ പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രമണവും കേന്ദ്രീകരിച്ചുള്ള സിനിമയിലേക്ക് കടന്നതായി മേജര്‍ രവി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മോഹന്‍ലാല്‍ മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഇന്ത്യാ ചൈന സംഘര്‍ഷം പ്രമേയമാകുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ ആയിരിക്കുമോ നായകനെന്ന് തുടര്‍ദിവസങ്ങളില്‍ അറിയാം. താരനിര്‍ണയത്തിലേക്ക് കടന്നിട്ടില്ലെന്നാണ് മേജര്‍ രവിയുടെ വിശദീകരണം.