എറണാകുളം: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വില്ലുവെക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണം ശക്തമാക്കാന്‍ ബി.ജെ.പി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഓരോ ദിവസവും നിലപാട് മാറ്റുന്ന സംസ്ഥാനത്തിന്റെ നയങ്ങള്‍ പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാവുകയാണ്. ഇതിനെതിരെ വരുംദിവസങ്ങളില്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൊവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സള്‍ട്ടന്‍സിക്കായി സി.പി.എം നേതാക്കള്‍ക്ക് ബന്ധമുള്ള ബഹുരാഷ്ട്ര കമ്പനി കെ.പി.എം.ജിക്ക് 6.82 കോടിയുടെ കരാര്‍ നല്‍കിയത് കൊവിഡ് കാലത്തെ അഴിമതി പരമ്പരയുടെ ഉദ്ദാഹരണമാണ്. പമ്പയിലെ മണല്‍നീക്കലും തിരുവനന്തപുരത്തെ ടെക്‌നോസിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്ത് കളിമണ്‍ ഖനനം നടത്താനുള്ള തീരുമാനവും പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ നേര്‍ചിത്രങ്ങളാണ്. ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് ബിലിവേഴ്‌സ് ചര്‍ച്ചില്‍ നിന്നും പണം കൊടുത്ത് ഏറ്റെടുക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം വന്‍അഴിമതിയാണെന്നും കോര്‍ഗ്രൂപ്പ് യോഗം വിലയിരുത്തി. ഇതിനെതിരെ ബി.ജെ.പി ശക്തമായ നിലപാടെടുക്കും. ഇതിനായി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ കണ്‍വീനറും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍,വൈസ് പ്രസിഡന്റ് ജി.രാമന്‍നായര്‍ അംഗങ്ങളുമായ സബ്കമ്മിറ്റി രൂപീകരിച്ചു. കൊവിഡ് കാലത്ത് അഴിമതിയും പ്രകൃതിസമ്പത്ത് നശിപ്പിക്കലുമായി മുന്നോട്ട് പോവുകയാണ് ഇടതു സര്‍ക്കാരെന്നും യോഗം അഭിപ്രായപ്പെട്ടു.