എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. മന്‍ കീ ബാത് 2020 ലെ യാത്രപൂര്‍ത്തിയാക്കിയിരിക്കുന്നു. ഇതിനിടയില്‍ നാം അനേകം വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. സ്വാഭാവികമായും വന്നുപെട്ട ആഗോള മഹാമാരി, മനുഷ്യകുലത്തിനു വന്നുപെട്ട ആപത്തിനെക്കുറിച്ച് നമ്മുടെ സംസാരം കുറച്ചധികമുണ്ടായിരുന്നു. എന്നാല്‍ ഈയിടെയായി ആളുകള്‍ക്കിടയില്‍ നിരന്തരം നടക്കുന്ന ചര്‍ച്ചയുടെ വിഷയം ഈ വര്‍ഷം എന്നത്തേക്ക് അവസാനിക്കും എന്നതാണ്. ചിലര്‍ മറ്റുള്ളവര്‍ക്ക് ഫോണ്‍ ചെയ്യുന്നു, സംസാരം ഈ വര്‍ഷം എന്തുകൊണ്ടാണ് ഇത്രയ്ക്ക് വേഗം അവസാനിക്കാത്തത് എന്നതിലാണ് തുടങ്ങുന്നത്. ചിലര്‍ എഴുതുന്നു, സുഹൃത്തുക്കളോടു പറയുന്നു, ഈ വര്‍ഷം നന്നായില്ല, ചിലര്‍ പറയുന്നു 2020 ശുഭകരമല്ല. എങ്ങനെയെങ്കിലും ഈ വര്‍ഷം എത്രയും വേഗം അവസാനിക്കണം എന്നാണ് ആളുകള്‍ ആഗ്രഹിക്കുന്നത്!

സുഹൃത്തുക്കളേ, ചിലപ്പോള്‍ ഞാന്‍ വിചാരിക്കും, എന്താണിങ്ങനെ? ഇങ്ങനെയുള്ള സംസാരത്തിന് ചില കാരണങ്ങളുണ്ടാകാം. ആറേഴു മാസങ്ങള്‍ക്കു മുമ്പ്, കൊറോണപോലെയൊരു വിപത്ത് വന്നുഭവിക്കുമെന്നും അതിനെതിരെയുള്ള പോരാട്ടം ഇത്ര നീണ്ടതായിരിക്കുമെന്നും ആര്‍ക്കും അറിയില്ലായിരുന്നു. കുറച്ചു രാജ്യം നിത്യേന പുതിയ വെല്ലുവിവെല്ലുവിളികളെയും രാജ്യം നേരിടുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ്, രാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ ഉംപുന്‍ ചുഴലിക്കാറ്റു വന്നു, പശ്ചിമ തീരത്ത് നിസര്‍ഗ്ഗ എന്ന ചുഴലിക്കാറ്റു വന്നു. എത്രയോ സംസ്ഥാനങ്ങളില്‍ നമ്മുടെ കര്‍ഷകരായ സഹോദരീ സഹോദരര്‍ വെട്ടുകിളികളുടെ ആക്രമണത്തില്‍ കഷ്ടപ്പെടുന്നു. ഇതിനെല്ലാമപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ ശമിക്കുന്നതേയില്ല. ഇതിനെല്ലാമിടയില്‍ ചില അയല്‍ക്കാര്‍ കാരണമുണ്ടാകുന്ന വെല്ലുവിളികളെയും നേരിടുകയാണ്. വാസ്തവത്തില്‍ ഒരുമിച്ച് ഇത്രയും വിപത്തുകള്‍, ഇതുപോലുള്ള വിപത്തുകള്‍ വളരെ വിരളമായേ കേള്‍ക്കാനും കാണാനും ഇടവരാറുള്ളൂ. ഏതെങ്കിലും ചെറിയ സംഭവങ്ങളുണ്ടായാലും ആളുകള്‍ അവയെയും ഈ വെല്ലുവിളികളുമായി ബന്ധപ്പെടുത്തി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

സുഹൃത്തുക്കളേ, കഷ്ടപ്പാടുകള്‍ വരും,വിപത്തുകള്‍ വരും, എന്നാല്‍ ഈ ആപത്തുകളുടെ പേരില്‍ നാം 2020 വര്‍ഷത്തെ മോശപ്പെട്ടത് എന്നു കണക്കാക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ആദ്യത്തെ 6 മാസങ്ങള്‍ കടന്നുപോയതുപോലെയാകും മുഴുവന്‍ വര്‍ഷവും എന്നും കരുതേണ്ടതുണ്ടോ? അങ്ങനെ വിചാരിക്കുന്നത് ശരിയാണോ? അല്ല. എന്റെ പ്രിയപ്പെട്ട ജനങ്ങളേ, തീര്‍ച്ചയായും അല്ല. ഒരു വര്‍ഷത്തില്‍ ഒരു വെല്ലുവിളി ഉണ്ടായി, അല്ലെങ്കില്‍ അമ്പത് വെല്ലുവിളികളുണ്ടായി എന്നതില്‍ എണ്ണം കൂടുതലോ കുറവോ ആണെന്നതിന്റെ പേരില്‍ ആ വര്‍ഷം മോശപ്പെട്ടതാകുന്നില്ല. ഭാരതത്തിന്റെ ചരിത്രം തന്നെ വിപത്തുകള്‍ക്കും വെല്ലുവിളികള്‍ക്കും മേല്‍ വിജയം വരിച്ചുകൊണ്ട്, കൂടുതല്‍ തിളക്കത്തോടെ മുന്നേറുന്നതിന്റേതാണ്. നൂറുകണക്കിന് വര്‍ഷങ്ങളോളം ഓരോരോ ആക്രമണകാരികള്‍ ഭാരതത്തെ ആക്രമിച്ചു, രാഷ്ട്രത്തെ അപകടത്തിലാക്കി. ആളുകള്‍ വിചാരിച്ചത് ഭാരതത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാകും, ഭാരതത്തിന്റെ സംസ്‌കാരം നശിക്കും എന്നായിരുന്നു. എന്നാല്‍ ആ ആപത്തുകളില്‍ നിന്നും ഭാരതം കൂടുതല്‍ മികവോടെ മുന്നോട്ടു നീങ്ങി.
സുഹൃത്തുക്കളേ നമ്മുടെ നാട്ടിലെ ചൊല്ല്, സൃഷ്ടി ശാശ്വതമെന്നും സൃഷ്ടി നിരന്തരമെന്നുമാണ്. എനിക്ക് ഒരുപാട്ടിലെ ചില വരികള്‍ ഓര്‍മ്മ വരുന്നു –
ഈ കളകള ഝലഝല നിനാദത്തോടെ ഗംഗയിതെന്തൂ ചൊല്‍വൂ,
യുഗയുഗങ്ങളായൊഴുകിവരുന്നൂ നമ്മുടെയീ പാവനമാം സരിത!
ഈ ഗീതത്തില്‍ ത്തന്നെ തുടര്‍ന്നുള്ള വരിയില്‍ കാണാം –
എന്തേ അതിനെ തടയാമോ, നശിപ്പതെല്ലാം നശിക്കയാകും
കല്‍ക്കഷണമോ കല്ലാനയതോ, തടസ്സമായിനി വന്നാലും.
ഭാരതത്തിലും ഒരു വശത്ത് വലിയ വലിയ വിപത്തുകള്‍ വന്നു, പോയി, അതേ സമയം എല്ലാ തടസ്സങ്ങളെയും ദൂരീകരിച്ച് അനേകമനേകം സൃഷ്ടികളുമുണ്ടായി. പുതിയ സാഹിത്യങ്ങള്‍ രചിക്കപ്പെട്ടു, പുതിയ കണ്ടുപിടുത്തുങ്ങള്‍ നടന്നു,, പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെട്ടു – അതായത് ആപത്തിന്റെ സമയത്തും എല്ലാ മേഖലകളിലും സൃഷ്ടിയുടെ പ്രക്രിയ തുടര്‍ന്നു, നമ്മുടെ സംസ്‌കാരം പൂവണിഞ്ഞു, തളിരണിഞ്ഞു. രാജ്യം മുന്നേറിക്കൊണ്ടിരുന്നു. ഭാരതം എന്നും വിപത്തുകളെ, വിജയത്തിന്റെ ചവിട്ടുപടികളാക്കിയിട്ടുണ്ട്. ഈയൊരു സങ്കല്പത്തോടെ, നമുക്ക് ഇന്നും ഈ എല്ലാ വിപത്തുകള്‍ക്കും ഇടയിലൂടെ മുന്നേറുകതന്നെ വേണം. നിങ്ങള്‍ ഈ വിചാരത്തോടെ മുന്നേറുമെങ്കില്‍, 130 കോടി ജനങ്ങളും മുന്നേറുമെങ്കില്‍ ഈ വര്‍ഷംതന്നെ രാജ്യം പുതിയ വിജയസ്തംഭം തീര്‍ക്കുന്ന വര്‍ഷമായി മാറും. ഈ വര്‍ഷംതന്നെ രാജ്യം പുതിയ ലക്ഷ്യങ്ങള്‍ നേടും, പുതിയ ഉയരങ്ങളിലെത്തും, പുതിയ ശൃംഗങ്ങളെ സ്പര്‍ശിക്കും. എനിക്ക് 130 കോടി ദേശവാസികളുടെ ശക്തിയില്‍ വിശ്വാസമുണ്ട്, നിങ്ങളിലെല്ലാം വിശ്വാസമുണ്ട്, ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തില്‍ വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ആപത്ത് എത്രതന്നെ വലുതാണെങ്കിലും ഭാരതത്തിന്റെ സംസ്‌കാരം, നിസ്വാര്‍ഥതയോടെ സേവനം ചെയ്യാനുള്ള പ്രേരണയേകുന്നു. ഭാരതം കഷ്ടപ്പാടിന്റെ സമയത്ത് ലോകത്തെ സഹായിച്ചത് ഇന്ന് ശാന്തിയിലും വികസനത്തിലും ഭാരതത്തിന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലോകം ഇതിനിടയില്‍ ഭാരതത്തിന്റെ വിശ്വബന്ധുത്വമനോഭാവത്തെ മനസ്സിലാക്കിയിട്ടുണ്ട്, അതോടൊപ്പം ലോകം തങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും രക്ഷിക്കുന്നതിന് ഭാരതത്തിന്റെ ശക്തിയും ഭാരതത്തിന്റെ അക്കാര്യത്തിലുള്ള നിശ്ചയദാര്‍ഢ്യവും മനസ്സിലാക്കിയിട്ടുണ്ട്. ലഡാക്കില്‍ ഭാരതത്തിന്റെ മണ്ണില്‍ കണ്ണുവയ്ക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടി കിട്ടി. ഭാരതത്തിന് മൈത്രി പുലര്‍ത്താനുമറിയാം, തറപ്പിച്ചു നോക്കാനുമറിയാം, ഉചിതമായ മറുപടി കൊടുക്കാനുമറിയാം. തങ്ങള്‍ ഒരിക്കലും ഭാരതാംബയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാനനുവദിക്കില്ലെന്ന് നമ്മുടെ വീര സൈനികര്‍ കാട്ടിക്കൊടുത്തു.

സുഹൃത്തുക്കളേ, ലഡാക്കില്‍ നമ്മുടെ ബലിദാനികളായ വീര ജവാരുടെ ശൗര്യത്തെ രാജ്യം മുഴുവന്‍ നമിക്കുന്നു, ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. രാജ്യം മുഴുവന്‍ അവരോട് കൃതജ്ഞരാണ്, അവരുടെ മുന്നില്‍ ശിരസ്സു നമിക്കുന്നു. അവരുടെ കുടുംബത്തെപ്പോലെതന്നെ എല്ലാ ഭാരതീയരും അവരെ നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിക്കുന്നു. നമ്മുടെ വീരപുത്രന്‍മാരുടെ ബലിദാനത്തിലും അവരെക്കുറിച്ച് അവരുടെ കുടുംബത്തിനുള്ള അഭിമാനബോധവും രാജ്യത്തോടുള്ള ഉത്കടമായ ആവേശവുമാണ് രാജ്യത്തിന്റെ ശക്തി. മക്കള്‍ ബലിദാനികളായ മാതാപിതാക്കള്‍, തങ്ങളുടെ മറ്റു പുത്രന്‍മാരെയും വീട്ടിലെ മറ്റു സന്താനങ്ങളെയും ന്യത്തിലേക്കയക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ കണ്ടിരിക്കും. ബിഹാറില്‍ നിന്നുള്ള ബലിദാനി കുന്ദന്‍ കുമാറിന്റെ പിതാവിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്. തന്റെ കൊച്ചുമക്കളെയും കൂടി രാജ്യത്തിന്റെ രക്ഷയ്ക്കായി സൈന്യത്തിലേക്കയയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഉത്സാഹമാണ് എല്ലാ ബലിദാനികളുടെയും കുടുംബങ്ങള്‍ക്കുള്ളത്. വാസ്തവത്തില്‍ ഈ ബന്ധുജനങ്ങളുടെ ത്യാഗം പൂജിക്കത്തക്കതാണ്. ഭാരതമാതാവിന്റെ രക്ഷയെന്ന ഏതൊരു ദൃഢനിശ്ചയത്തോടെയാണോ നമ്മുടെ ജവാന്‍മാര്‍ ജീവന്‍ ബലി നല്കിയത്, അതേ ദൃഢനിശ്ചയത്തെ നമുക്കും, എല്ലാ ദേശവാസികള്‍ക്കും ജീവിത ലക്ഷ്യമാക്കേണ്ടതുണ്ട്. അതിര്‍ത്തികളുടെ രക്ഷക്കായി രാജ്യത്തിന്റെ ശക്തി വര്‍ധിക്കണം, രാജ്യം കൂടുതല്‍ കഴിവുറ്റതാകണം, രാജ്യം സ്വാശ്രയത്വം നേടണം എന്ന ലക്ഷ്യത്തോടെയായിരിക്കണം നമ്മുടെ എല്ലാ ശ്രമങ്ങളും -ഇതായിരിക്കും ഈ ബലിദാനികള്‍ക്കുള്ള യഥാര്‍ഥ ആദരാഞ്ജലിയും. എനിക്ക് അസമില്‍ നിന്ന് രജനിജീ എഴുതിയിരിക്കുന്നു – അദ്ദേഹം കിഴക്കന്‍ ലഡാക്കില്‍ നടന്നത് കണ്ടശേഷം ഒരു ശപഥം ചെയ്തിരിക്കുന്നു – അദ്ദേഹം പ്രാദേശിക ഉത്പന്നങ്ങളേ വാങ്ങൂ എന്നു മാത്രമല്ല പ്രാദേശികമായതിനുവേണ്ടി സംസാരിക്കയും ചെയ്യും. ഇതുപോലുള്ള സന്ദേശങ്ങള്‍ എനിക്ക് രാജ്യത്തിന്റെ എല്ലാ കോണില്‍ നിന്നും ലഭിക്കുന്നുണ്ട്. വളരെയധികം ആളുകള്‍ അവര്‍ ഈ ദിശയില്‍ മുന്നേറുകയാണെന്ന് എന്നെ കത്തിലൂടെ അറിയിക്കുന്നു.

അതുപോലെ തമിഴ് നാട്ടിലെ മധുരയില്‍ നിന്ന് മോഹന്‍ രാമമൂര്‍ത്തി എഴുതുന്നത് അദ്ദേഹം രാജ്യരക്ഷയുടെ കാര്യത്തില്‍ രാജ്യം സ്വാശ്രയത്വം നേടുന്നത് കാണാനാഗ്രഹിക്കുന്നു എന്നാണ്.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യത്തിനു മുമ്പ് നമ്മുടെ രാജ്യം രാജ്യരക്ഷാ മേഖലയില്‍ ലോകത്തിലെ പല രാജ്യങ്ങളെക്കാളും മുന്നിലായിരുന്നു. ഇവിടെ അനേകം ഓര്‍ഡനന്‍സ് ഫാക്ടറികളുണ്ടായിരുന്നു. അപ്പോള്‍ നമ്മെക്കാള്‍ പിന്നിലായിരുന്ന പല രാജ്യങ്ങളും, ഇന്ന് നമ്മെക്കാള്‍ മുന്നിലാണ്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യരക്ഷാരംഗത്ത് നാം നടത്തേണ്ടിയിരുന്ന ശ്രമം നാം ചെയ്തില്ല, പഴയ അനുഭവങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കേണ്ടിയിരുന്നതും നാം ചെയ്തില്ല. എന്നാല്‍ ഇന്ന് രാജ്യരക്ഷാരംഗത്ത്, സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഭാരതം മുന്നേറാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഭാരതം സ്വാശ്രയത്വത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്.

സുഹൃത്തുക്കളേ, ഏതൊരു ദൗത്യവും, ജനങ്ങളുടെ പങ്കാളിത്തമില്ലാതെ പൂര്‍ത്തിയാവില്ല, വിജയിക്കയില്ല. അതുകൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഒരു പൗരനെന്ന നിലയില്‍, നമ്മുടെ ഏവരുടെയും ദൃഢനിശ്ചയവും സമര്‍പ്പണവും സഹകരണവും ആവശ്യമാണ്, അനിവാര്യമാണ്. നിങ്ങള്‍ പ്രാദേശിക ഉത്പന്നങ്ങളേ